മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; വായില്‍ രക്തം പുരണ്ട തുണി; വീട്ടുജോലിക്കാരിയെ പൊലീസ് തിരയുന്നു

ഹൈദരാബാദ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) ആണ് ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അപ്രത്യക്ഷയായ നേപ്പാള്‍ സ്വദേശിയായ വീട്ടുജോലിക്കാരി കല്‍പ്പനയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്‍പ്പനയുടെ നേതൃത്വത്തില്‍ കവര്‍ച്ചാ സംഘം നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സമയത്ത് വിനയ് രഞ്ജന്‍ റേ സ്ഥലത്തുണ്ടായിരുന്നില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒരാഴ്ച മുന്‍പ് ബെംഗളൂരുവിലേക്ക് പോയതായിരുന്നു.

ഈ സമയത്ത് തനുജയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് തനുജ ഉറങ്ങാന്‍ പോയി. മക്കള്‍ രണ്ടാമത്തെ നിലയിലുള്ള മുറികളിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മറ്റൊരു വീട്ടുജോലിക്കാരി എത്തി കോളിങ് ബെല്‍ അടിച്ചപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. ഈ സമയത്ത് വീട്ടുജോലിക്കാരിയായ കല്‍പ്പനയെ കാണാതിരുന്നതിനെ തുടര്‍ന്ന് സുനന്ദ അമ്മയുടെ മുറിയിലെത്തിയപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ തനുജയെ തറയില്‍ കാണുന്നത്.

തനുജയുടെ വായില്‍ രക്തം പുരണ്ട തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാനാണ് കല്‍പ്പന ജോലിക്കെത്തിയത്. വീട്ടിലെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ഇവര്‍ മോഷണ സംഘത്തെ അകത്തു കയറ്റാന്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിയോടെ മൂന്ന് പേര്‍ വീട്ടിലേക്ക് കടക്കുന്നതും 2:30ഓടെ ബാഗുമായി പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

പ്രതികള്‍ ജൂബിലി ഹില്‍സില്‍ നിന്ന് ഓട്ടോറിക്ഷയില്‍ നാമ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയതും അവിടെനിന്ന് തെലങ്കാന എക്‌സ്പ്രസ്സില്‍ നാഗ്പുര്‍ ഭാഗത്തേക്ക് പോകുന്നതും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജന്‍ റേ 2019ല്‍ ജയില്‍ ഡിജിപി ആയാണ് വിരമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page