ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില വർധിക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ 15 നുമുമ്പ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രസർക്കാർ അനുമതി നൽകിയാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 5 രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധന ഉണ്ടായേക്കമെന്നും സൂചനയുണ്ട്. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലവർദ്ധിക്കുന്നത്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽനിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയിൽ കടുത്ത ആഘാതം നേരിട്ടിട്ടും ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല.







