കോട്ടയം: ഇന്‍ഡിക്കേറ്റര്‍ ഇടാതെ വാഹനം തിരിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കാല്‍ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ മറവന്‍തുരുത്ത് ഇലവുംപറമ്പില്‍ ഇ.ആര്‍.അരുണിന്റെ (30) വലതുകാലാണ് ബൈക്ക് യാത്രികര്‍ ഒടിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം മറവന്‍തുരുത്ത് പഞ്ചായത്ത് ജംക്ഷനിലാണു സംഭവം. പാലാംകടവില്‍ നിന്നു മറവന്‍തുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കു തിരിക്കുന്നതിനിടെ അതേ ദിശയില്‍ പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ വാഴത്തറയില്‍ ഫിറോസ് (19), കണ്ടത്തിപ്പറമ്പില്‍ ആദിത്യനാഥ് (21) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.







