ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണി; അയല്‍വാസിക്കെതിരെ കേസ്

പത്തനംതിട്ട: ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട അടൂരിലാണ് സംഭവം. 28 കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹിതയായ യുവതി ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മില്‍മ ടാങ്കര്‍ ഡ്രൈവര്‍ കൂടിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു യാത്ര പോകാനായി യുവതി അയല്‍വാസിയുടെ ഓട്ടോ റിക്ഷ വിളിച്ചിരുന്നു. യാത്രയ്ക്കിടെ ലൈസന്‍സ് എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുമായി വീട്ടിലെത്തി. അവിടെ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി പരാതിയില്‍ പറയുന്നു. പീഡനത്തിനുശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അത് കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി പറയുന്നു.

ഒടുവില്‍ മനംനൊന്ത യുവതി പീഡന വിവരം യുവാവിന്റെ ഭാര്യയെ അറിയിക്കുകയായിരുന്നു. ഇത് യുവാവിന്റെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ പ്രകോപിതനായ യുവാവ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്നുപറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ടാങ്കര്‍ ലോറിയില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി മര്‍ദ്ദിച്ചശേഷം വഴിയരികില്‍ ഉപേക്ഷിച്ചു. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പറയുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടിയ യുവതി പിന്നീട് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നിലവില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അതേസമയം കേസെടുത്തിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് യുവതി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page