പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ മമതയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ മമതയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ജനകീയ പ്രക്ഷോഭങ്ങളും മുന്നണി മാറ്റങ്ങളും നിര്‍ണയകമായ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാടകീയമായ ഒരു വളര്‍ച്ചയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭയിലെ ഭൂരിപക്ഷവും ഭവാനിപുര്‍ മണ്ഡലത്തിലെ ചരിത്രപരമായ വിജയവും സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ്. കോണ്‍ഗ്രസിലും തൃണമൂലിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍വരെ സ്വാധീനമുള്ള നേതാവാണ്. പാര്‍ട്ടി യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം അമിത് ഷായ്ക്ക് ആയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സുവേന്ദു അധികാരി ഗവര്‍ണറെ കണ്ടു.’കമ്യൂണിസ്റ്റ് കാലഘട്ടം മുതല്‍ നിലനിന്നിരുന്ന അന്തരീക്ഷം മമത ബാനര്‍ജി കൂടുതല്‍ വഷളാക്കി. വോട്ട് രേഖപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമായ ഒന്നായിരുന്നു. ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമര്‍പ്പിച്ച് ബംഗാളിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഈ വന്‍ വിജയത്തിന് അവരോട് നന്ദിയുണ്ട്’- അമിത് ഷാ പറഞ്ഞു.ബംഗാളില്‍ ബിജെപി 207 സീറ്റുകളിലാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഭവാനിപുരില്‍ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. ഭവാനിപുരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പവിത്ര കര്‍ക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമില്‍ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.തെരഞ്ഞടുപ്പില്‍ തോറ്റെങ്കിലും രാജിവെക്കാന്‍ തയാറാകാതെ നിന്നിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കഴിഞ്ഞദിവസം ഗവര്‍ണര്‍ പിരിച്ചുവിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page