കൊച്ചി: സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പാലക്കാട് കൂടല്ലൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടില്‍ എം.എസ് അനീഷിന്റെ മകന്‍ എം.എ അതുല്‍ (19) ആണ് മരിച്ചത്. പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ ബി.സി.എ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.
കഴിഞ്ഞദിവസം വൈകിട്ട് പുതുപ്പാടി മുളവര്‍ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിലാണ് അപകടം. ആറംഗ സംഘത്തിനൊപ്പം കുളിക്കാനെത്തിയതായിരുന്നു അതുല്‍. പുഴയിലെ പാറപ്പുറത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് കോതമംഗലത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് അതുലിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധയാണ് അതുലിന്റെ മാതാവ്. ആതിര സഹോദരിയാണ്.







