കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കാന്‍ തയ്യാറാകാതെ അധികാരത്തില്‍ തുടരുന്നത് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്നു. മമത ബാനര്‍ജി രാജി വച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വോട്ടെണ്ണല്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാം. ഗവര്‍ണറുടെ അടുത്ത നീക്കം ഇതായിരിക്കുമെന്ന് സംസാരമുണ്ട്. ഇത്തരത്തില്‍ സംഭവിച്ചാല്‍ ദേശീയമായി വലിയ വിവാദമാക്കി മാറ്റാമെന്നാണ് മമതയുടെ ഉദ്ദേശമെന്ന് കരുതുന്നു. സാധാരണനിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെയോ സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം.
അതിന് മുമ്പ് ഭരണഘടനാപരമായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി രാജിവെച്ച് അധികാരത്തില്‍ നിന്ന് പിന്മാറേണ്ടതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഗൂഢാലോചനയുടെ ഫലമാണെന്നും കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്നും മമത ആരോപിച്ചു. മാത്രമല്ല, താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് മമത പറയുന്നു.
‘താന്‍ തോറ്റിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങി പടിയിറങ്ങുമെന്ന് ആരും കരുതേണ്ടെന്ന് മമത പറഞ്ഞു. പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ ടിഎംസി ഭരണത്തിനാണ് ഇത്തവണ അന്ത്യമായത്. ബിജെപിക്ക് 206 സീറ്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുണ്ട്.
‘ജനാധിപത്യം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. നീതിന്യായ വ്യവസ്ഥ ഇല്ലാതാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിക്കുകയും ചെയ്യുമ്പോള്‍ ലോകത്തിന് തെറ്റായ സന്ദേശമാണ് ലഭിക്കുന്നത്,’- മമത പറഞ്ഞു. മുന്‍പ് മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ജനവിധി മോഷ്ടിക്കപ്പെട്ടതായി മമത ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, ഒരു മുഖ്യമന്ത്രിക്ക് ഔദ്യോഗിക പദവിയില്‍ തുടരാന്‍ നിയമസഭയുടെ ഭൂരിപക്ഷം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനാപരമായ കീഴ് വഴക്കം.
ഭരണഘടനയുടെ 164(1) അനുച്ഛേദം അനുസരിച്ച് ഗവര്‍ണറുടെ ‘പ്രീതി’ ഉള്ളിടത്തോളം കാലം മാത്രമേ മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാനാകൂ. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാന്‍ അധികാരമുണ്ട്.







