അഹമ്മദാബാദ്: കുടുംബ തര്‍ക്കമാണെന്ന് പറയുന്നു മരുമകളുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ ഭര്ൃത്ൃപിതാവ് കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ നതുഭായ് പര്‍മര്‍(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഹസ്മുഖ് വഗേല, കാന്തി വാന, ഭാവേഷ് പര്‍മര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിനുശേഷം രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും ബനസ്‌കന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേതന്‍ എന്ന മറ്റൊരു പ്രതി ഒളിവിലാണെന്നും അയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
കൊലപാതകം യാദൃശ്ചികമല്ലെന്നും കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മെയ് രണ്ടിനാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം നടത്താനായി ഒരു അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നു പ്രതികള്‍. മെയ് രണ്ടിന് രാത്രി ഒരു യാത്രയ്ക്കിടെ നതുഭായ് പര്‍മറെ അഹമ്മദാഹബാദിലെ പാലത്തിനടിയില്‍ വെച്ച് അക്രമികള്‍ ഇരുമ്പ് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നതുഭായ് പര്‍മര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് പ്രതികളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായെന്ന് പൊലീസ് പറഞ്ഞു.
നതുഭായിയുടെ മകന്‍ കൗശിക് പര്‍മര്‍ അഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നാലെ മരുമകള്‍ ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലാകുകയും ചെയ്തു.
കൗശിക്കിന്റെ ഭാര്യയുടെ അമ്മാവന്‍ ഹസ്മുഖ് വഗേലയാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവദിവസം രാത്രി നതുഭായിയെ പാലത്തിന് സമീപത്ത് വച്ച് കാണാനിടയായ ഹസ്മുഖ് വഗേല ബന്ധുക്കളെ ഇക്കാര്യം അറിയിക്കുകയും അവരെ സ്ഥലത്തേക്ക് വിളിപ്പിക്കുയുമായിരുന്നു. പിന്നാലെ ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായെത്തിയ പ്രതികള്‍ നതുഭായിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം മോട്ടോര്‍ സൈക്കിളുകളില്‍ കയറി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
അറസ്റ്റ് ഭയന്ന് ക്ഷേത്രങ്ങളിലും ഗസ്റ്റ് ഹൗസുകളിലും ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ രാജസ്ഥാനിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.







