സിപിഎമ്മിന് അധികാരം പോയി; മഹേഷിന്റെ കറവപ്പശു ലീഗ് പ്രവര്‍ത്തകനായി

മലപ്പുറം: തിരഞ്ഞെടുപ്പ് വാശിയില്‍ സിപിഎം- മുസ്ലിംലീഗ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ തമ്മില്‍ നടത്തിയ പന്തയത്തില്‍ സിപിഎം പ്രവര്‍ത്തകനു സ്വന്തം പശുവിനെ നഷ്ടപ്പെട്ടു. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു.
ഇടതു മുന്നണിക്കു തുടര്‍ഭരണം കിട്ടുമെന്നു ഉറച്ചു വിശ്വസിച്ചിരുന്ന സിപിഎം പ്രവര്‍ത്തകനും തിരൂരിലെ ക്ഷീരകര്‍ഷകനുമായ മഹേഷ് , മുസ്ലിം ലീഗിലെ കുന്നത്തു മുസ്തഫയോടു തുറന്നു പറഞ്ഞു. ഇത്തവണ അതു നടക്കാന്‍ പോവുന്നില്ലെന്നു മുസ്തഫ തമാശയായി തിരിച്ചു പറഞ്ഞതു മഹേഷിനു രസിച്ചില്ല. ഉറപ്പാണോ എന്ന് മഹേഷ് തിരിച്ചു ചോദിച്ചു. ഉറപ്പു തന്നെയെന്നു മുസ്തഫയും പറഞ്ഞു. സിപിഎം തുടര്‍ഭരണത്തില്‍ വന്നില്ലെങ്കില്‍ തന്റെ തൊഴുത്തില്‍ നിന്ന് ഒരു കറവ പശുവിനെ മുസ്തഫക്കു നല്‍കാമെന്നും യുഡിഎഫ് അധികാരം പിടിച്ചെടുത്തില്ലെങ്കില്‍ തന്റെ ഒരു കറവപ്പശുവിനെ മഹേഷിനും നല്‍കാമെന്നും ഇരുവരും അപ്പോള്‍തന്നെ പന്തയം വച്ചു.
വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മുസ്തഫ പറഞ്ഞത് അത്ഭുതകരമായി സംഭവിച്ചു. മഹേഷ് ഉടനെ മുസ്തഫയെ കൂട്ടിക്കൊണ്ടു വന്നു തന്റെ തൊഴുത്തില്‍ നിന്ന് മുസ്തഫക്കിഷ്ടപ്പെട്ട പശുവിനെ അദ്ദേഹത്തിനു സന്തോഷത്തോടെ കൊടുത്തു. മുസ്തഫ അതു സന്തോഷപൂര്‍വ്വം കൈപ്പറ്റുകയും ചെയ്തു. നല്ല സുഹൃത്തുക്കളായി അവര്‍ തുടരുകയും ചെയ്യുന്നു.
സിപിഎം ഇനി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കണം-അതാണ് മഹേഷിന്റെ വാശി. ആ വാശി പാര്‍ട്ടിക്കു പകരാനാണ് തന്റെ പന്തയമെന്നു മഹേഷ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page