ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചു; യുവ എഞ്ചിനിയറെ കെണിയില്‍ വീഴ്ത്തി മര്‍ദ്ദിച്ച് പണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് യുവ എഞ്ചിനിയറെ കെണിയില്‍ വീഴ്ത്തി മര്‍ദ്ദിച്ച ശേഷം പണം കവര്‍ന്ന സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു ചിക്കജാല സ്വദേശിയായ 27കാരനാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണും യുപിഐ പാസ്വേഡും കൈക്കലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് അക്രമി സംഘം പണം കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ദര്‍ശന്‍, സുനില്‍, ചന്ദന്‍, എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. പ്രതികള്‍ ദിവസങ്ങളോളം ആപ്പിലൂടെ ചാറ്റ് ചെയ്ത് യുവാവിന്റെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പരാതിക്കാരന്‍ ഗ്രൈന്‍ഡര്‍ എന്ന ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആപ്പിലൂടെ പരിചയപ്പെട്ട ഒരാള്‍ യുവാവിനെ നേരിട്ട് കാണാനായി ബംഗളൂരുവിലെ ബഗലൂര്‍ റോഡിന് സമീപമുള്ള പാലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നാലംഗ സംഘം യുവാവിനെ തടഞ്ഞുനിര്‍ത്തുകയും ജയമുനി ലേ ഔട്ടിലേക്ക് ബലമായി കൊണ്ടുപോവുകയുമായിരുന്നു.

തുടര്‍ന്ന് ഗേ ഡേറ്റിംഗ് വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കത്തി മുനയില്‍ വച്ച് മൊബൈല്‍ ഫോണും യുപിഐ പിന്‍ നമ്പറും ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് നല്‍കാന്‍ തയാറായില്ല. ഇതോടെ സംഘം കത്തികൊണ്ട് യുവാവിന്റെ തലയിലും കൈത്തണ്ടയിലും വയറിലും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന് പറയുന്നു.

പിന്‍ നമ്പര്‍ കൈക്കലാക്കിയ പ്രതികള്‍ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് 15,000 രൂപയോളം അടിച്ചുമാറ്റി. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page