സ്ത്രീ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പാതിരാത്രിയില്‍ തനിച്ച് തെരുവിലിറങ്ങി വനിതാ പൊലീസ് കമ്മീഷണര്‍; നേരിടേണ്ടി വന്നത് ദുരനുഭവം; സമീപിച്ചത് 40 പുരുഷന്‍മാര്‍

ഹൈദരാബാദ്: സ്ത്രീസുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പാതിരാത്രിയില്‍ തനിച്ച് തെരുവിലിറങ്ങിയ വനിതാ പൊലീസ് കമ്മീഷണര്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം. ഹൈദരാബാദിലെ മല്‍ക്കാജ് ഗിരി പൊലീസ് കമ്മീഷണര്‍ സുമതിക്കാണ് പുലര്‍ച്ചെ തനിച്ച് റോഡിലിറങ്ങിയപ്പോള്‍ ദുരനുഭവം ഉണ്ടായത്. സാധാരണ വേഷത്തില്‍, പൊലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പില്‍ തനിച്ച് നിന്ന കമ്മീഷണറെ 40 പുരുഷന്മാരാണ് മോശം ഉദ്ദേശത്തോടെ സമീപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്മീഷണറുടെ നടപടിയെ ജനങ്ങള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.

പുലര്‍ച്ചെ 12:30 മുതല്‍ 3:30 വരെയുള്ള മൂന്ന് മണിക്കൂറാണ് കമ്മീഷണര്‍ ബസ് സ്റ്റോപ്പില്‍ തനിച്ച് ചിലവഴിച്ചത്. ഈ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ സമീപിച്ച 40 പുരുഷന്മാരില്‍ പലരും മദ്യപിച്ചിരുന്നതായും കഞ്ചാവ് പോലുള്ള ലഹരി ഉപയോഗിച്ചവരാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരുടെ പ്രവര്‍ത്തി. യുവാക്കളും വിദ്യാര്‍ത്ഥികളും സ്വകാര്യ-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇതിലുണ്ടായിരുന്നു.

രാത്രി കാലങ്ങളില്‍ പൊതുസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ദുരനുഭവം സംബന്ധിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തല്‍ നഗരത്തിലെ രാത്രികാലത്തെ സാഹചര്യം നേരിട്ട് പഠിക്കാനായിരുന്നു കമ്മീഷണര്‍ വേഷം മാറിയെത്തിയത്. തന്നെ സമീപിച്ച 40 പുരുഷന്മാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച കമ്മീഷണര്‍ എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് പ്രത്യേക ക്ലാസെടുക്കുകയും ചെയ്തു. 25 വര്‍ഷം മുന്‍പ് തന്റെ സര്‍വീസിന്റെ തുടക്കകാലത്ത് കാസിപ്പേട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തും സുമതി സമാന രീതിയില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ സുമതി മെയ് ഒന്നിനാണ് മല്‍ക്കാജ് ഗിരി കമ്മീഷണറായി ചുമതലയേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page