സ്വത്തിനുവേണ്ടി വിവാഹം കഴിച്ചു; ഭാര്യയുടെ അമിതവണ്ണം കുറയ്ക്കാനുള്ള വഴികളെല്ലാം പാളി; ഒടുവില്‍ വിഷം നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

അമരാവതി: അമിത വണ്ണക്കാരിയായ ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്ര പ്രദേശിലെ കടപ്പ പ്രോഡുത്തൂര്‍ സ്വദേശിയായ കിരണ്‍ ആണ് ഭാര്യ മഡൂര്‍ സ്വദേശിയായ പദ്മജയെ വിഷം നല്‍കി കൊലപ്പെടുത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കിരണ്‍ ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ കണ്ണുവച്ചാണ് അവരെ വിവാഹം കഴിച്ചത്.

വിവാഹ ശേഷം പദ്മജയുടെ ഭാരം കൂടി. ഇതോടെ കൂടെ കൊണ്ടുനടക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് കിരണ്‍ പരിഹസിക്കുന്നത് പതിവാണെന്ന് പദ്മജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് കിരണ്‍ ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയത്. വിവാഹശേഷം പദ്മജയുടെ വീട്ടില്‍ തന്നെയായിരുന്നു കിരണ്‍ താമസിച്ചിരുന്നത്.

യുട്യൂബിലൂടെയാണ് കിരണ്‍ കൊലപാതകത്തിനുള്ള എളുപ്പവഴികള്‍ തെരഞ്ഞിരുന്നത്. യുട്യൂബില്‍ നിന്ന് ലഭിച്ച ഒരു ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വിഷം സംഘടിപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് അവരുടെ വീട്ടില്‍ വച്ച് അപകടമുണ്ടായാല്‍ സംശയം തന്റെ നേരെ വരുമെന്നറിഞ്ഞ കിരണ്‍ പദ്മജയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വീട്ടിലെത്തിയ കിരണ്‍ ഭാര്യയോട് ഏറെ സ്‌നേഹത്തോടെ പെരുമാറി. അതിന് ശേഷം മധുരപലഹാരമായ പാല്‍കോവയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. വിഷം ഉള്ളിലെത്തിയ പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ തലയിണ ഉപയോഗിച്ച് കിരണ്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം പദ്മജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു.

മരണത്തില്‍ പദ്മജയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പദ്മജയുടെ ശരീരത്തില്‍ വിഷം കണ്ടെത്തി. തുടര്‍ന്ന് കിരണിനെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page