ചായ തന്നതിനു ശേഷം കുഴഞ്ഞു വീണുവെന്ന് ബന്ധു; വീട്ടമ്മയുടെ മരണം കൊലപാതകം, ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് നാലിനാണ് ശാന്തിയെ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ ആണി വാങ്ങാന്‍ എത്തിയിരുന്നു. ഇക്കാര്യം ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. പിന്നാലെ ജഗന്‍ മോഹന്‍ വീട്ടിലെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ ആണ് കണ്ടത്. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണുവെന്നാണ് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശാന്തി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ട് സൂക്ഷ്മ പരിശോധന നടത്തിയതോടെയാണ് ശ്വാസംമുട്ടിയുള്ള മരണമെന്ന് തിരിച്ചറിഞ്ഞത്.

രാമകൃഷ്ണനെ ചോദ്യം ചെയ്തപ്പോള്‍ ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് തുറന്നുപറയുകയും ചെയ്തു. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page