മുൻ പൊലീസുകാരനെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തു; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു

തളിപ്പറമ്പ്: റിട്ട. പൊലീസുകാരനെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തു. കടന്നപ്പള്ളിയിലെ പി.നാരായണന്‍ (72)ആണ് തട്ടിപ്പിന് ഇരയായത്. കോഴിക്കോട് മാങ്കാവ് എം.കെ ഹൗസില്‍ മുഹമ്മദ് താഹ (50) ആണ് തട്ടിപ്പിന് പിന്നിലെന്നു സംശയിക്കുന്നു.ഇയാളെ പൊലീസ് തെരയുന്നു.നേരത്തെ പയ്യാവൂരിലെ വയോധികനെ കബളിപ്പിച്ച് അര പവന്റെ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ജനുവരി 29ന് ഇയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും തട്ടിപ്പിന് ഇറങ്ങിയതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന.

നാരായണനും ഭാര്യയും മകളും ഞായറാഴ്ച പറശിനി മുത്തപ്പന്‍ മടപ്പുര ദര്‍ശനത്തിന് എത്തിയതായിരുന്നു. ധര്‍മ്മശാലയില്‍ ബസിറങ്ങി പറശിനിയിലേക്കുള്ള ബസിന് കാത്തുനില്‍ക്കവെ ഒരാള്‍ നാരായണനെ സമീപിച്ചു. സതീശന്‍ എന്നാണ് പേരെന്ന് പറഞ്ഞ് ഇയാള്‍ ഏറെ പരിചയം നടിച്ച് നാരായണന്റെ ഒപ്പം ജോലി ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടു. നാരായണന് ഇയാളെ കൃത്യമായി ഓര്‍മ്മയുണ്ടായിരുന്നില്ലെങ്കിലും ഒപ്പം ജോലി ചെയ്തതായിരിക്കാമെന്ന് വിശ്വസിച്ചു. തുടര്‍ന്ന് നാരായണനും കുടുംബത്തോടും ഒപ്പം ഇയാളും പറശിനിക്കടവില്‍ എത്തി. പറശിനിയില്‍ ബസിറങ്ങിയപ്പോള്‍ കുറേക്കാലമായില്ലേ കണ്ടിട്ട്, നമുക്ക് കുറേ സംസാരിക്കാനുണ്ട് എന്നായി തട്ടിപ്പുകാരന്‍. ഇയാളുടെ വാചകമടിയില്‍ വീണുപോയ നാരായണന്‍ ഞാന്‍ അല്‍പ്പം കഴിഞ്ഞ് വരാമെന്നും നിങ്ങള്‍ മടപ്പുരയിലേക്ക് പോയിക്കൊള്ളൂവെന്ന് കുടുംബത്തോട് പറഞ്ഞു. കുടുംബം മടപ്പുരയിലേക്ക് പോയതോടെ നാരായണനെ തട്ടിപ്പുകാരന്‍ സമീപത്തെ ബാറിലേക്ക് കൊണ്ടുപോയി. അവിടെവച്ച് നിര്‍ബന്ധപൂര്‍വ്വം മദ്യം കുടുപ്പിച്ചു. തുടര്‍ന്ന് നാരായണനെ ഓട്ടോറിക്ഷയില്‍ കയറ്റി ബസ്സ്റ്റാന്റിന് സമീപത്തെ കിണറിന്റെ പരിസരത്ത് എത്തിച്ച് തട്ടിപ്പുകാരന്‍ സ്ഥലംവിട്ടു. അപ്പോഴേക്കും നാരായണന് കൃത്യമായ ഓര്‍മ്മയില്ലാത്ത അവസ്ഥയായിയിരുന്നുവത്രെ. വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ ക്ഷീണം ബാധിച്ചനിലയില്‍ നാരായണനെ കാണുകയായിരുന്നു. അദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും വിരലിലുണ്ടായിരുന്ന ഒന്നര പവന്റെ മോതിരവും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. തനിക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നുണ്ടെന്ന് നാരായണന്‍ വീട്ടുകാരോട് പറയുകയും ചെയ്തു. അടിവയറ്റില്‍ ചവിട്ടിയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മദ്യത്തില്‍ എന്തെങ്കിലും കലര്‍ത്തിക്കൊടുത്തോയെന്നും സംശയിക്കുന്നു. വിവരം അറിഞ്ഞ് നാരായണന്റെ മകനും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തട്ടിപ്പുകാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തട്ടിപ്പുകാരന്റെ ഫോട്ടോ സഹിതം തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ഡിവൈ.എസ്.പി: വി.വി മനോജിന്റെ നിര്‍ദേശപ്രകാരം എസ്.ഐ: ഷിജോ അഗസ്റ്റിന്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page