ബെംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മര്‍ദ്ദനമേറ്റ് മരിച്ചു

തൃശൂര്‍: ബെംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ മര്‍ദ്ദനമേറ്റ് മരിച്ചു. വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) ആണ് മര്‍ദ്ദനമേറ്റു മരിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസമാണ് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവ് ഷിന്റോയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയില്‍ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണനാണ് സുനിതയെ മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തളിക്കുളത്തെ വീട്ടില്‍ 160 തെരുവുനായ്ക്കള്‍ക്ക് സുനിതയും ഷിന്റോയും അഭയം നല്‍കുന്നുണ്ട്. വാടാനപ്പള്ളി ഭാഗത്തെ ഏഴു സ്‌കൂളുകളില്‍ മിച്ചം വരുന്ന ഉച്ചഭക്ഷണമാണ് ദമ്പതികള്‍ നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. സ്‌കൂള്‍ അടച്ചതോടെ നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാന്‍ വഴിയില്ലാതായതോടെയാണ് സുനിത ബെംഗളൂരുവില്‍ ജോലി തേടി പോയത്.

ബെംഗളൂരുവില്‍ ദീപക് കൃഷ്ണന്‍ നടത്തുന്ന കേന്ദ്രത്തില്‍ തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് സുനിതയും ബന്ധുവായ പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും കൂടി അവിടെ എത്തിയത്. മാസം 40,000 രൂപ നല്‍കാമെന്നായിരുന്നു ദീപക് പറഞ്ഞിരുന്നത്.

ദീപക് നടത്തുന്ന കേന്ദ്രത്തില്‍ 16 നായ്ക്കളാണുണ്ടായിരുന്നത്. ദീപക് സുനിതയോടും കൂടെയുണ്ടായിരുന്ന യുവതികളോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ ദീപക്കിനെ അറിയിച്ചു. പിന്നാലെ ദേഹോപദ്രവം നടത്തുകയായിരുന്നുവെന്ന് ഷിന്റോ നല്‍കിയ പരാതിയില്‍ പറയുന്നു.

സുനിതയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ടു തലയില്‍ ചവിട്ടുകയും മുടിയില്‍ കുത്തിപ്പിടിച്ചു തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് സുനിത അബോധാവസ്ഥയിലായതോടെ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.

ഇതോടെ പെണ്‍കുട്ടികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ പൂട്ടു തുറന്ന് അകത്തു കയറി. എന്നാല്‍, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പൊലീസുകാരെയടക്കം ഉള്ളിലിട്ടു പൂട്ടുകയായിരുന്നു. കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞു ബെംഗളൂരുവിലെത്തിയ ഷിന്റോ ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു.

സുനിതയെ താന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ‘അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം’ എന്ന് പറയുന്ന ദീപക് കൃഷ്ണന്‍ അയച്ച ഭീഷണി സന്ദേശവും ഷിന്റോ പൊലീസിനു കൈമാറിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page