ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകനെ വനത്തില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മകനെ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ റെയ്‌സന്‍ വനത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് ഇയാളെ ക്രൂരമായ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ബേഗംഗഞ്ചിലെ ഹിമോതിയ ഗ്രാമത്തിലെ രാജേന്ദ്ര അഹിര്‍വാര്‍ ആണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ തിങ്കളാഴ്ച വീട്ടില്‍ നിന്ന് ഭാര്യയേയും മകനേയും കൂട്ടി പുറത്തിറങ്ങിയത്. എന്നാല്‍ ഫോണ്‍ വാങ്ങുന്നതിന് പകരം ഭാര്യയേയും മകനേയും കൊണ്ട് ഇയാള്‍ നേരെ വനത്തില്‍ പോകുകയായിരുന്നു. അവിടെ വച്ച് ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പ്രകോപിതനായ അഹിര്‍വാര്‍ അവിടെയുണ്ടായിരുന്ന കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് രണ്ടുവയസ്സുകാരനായ മകനെ കൊടും വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

അതിനിടെ രാജേന്ദ്രനും കുടുംബവും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയുന്നത്. തുടര്‍ന്ന് മകന് വേണ്ടി അന്വേഷണം ആരംഭിച്ചു. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ വനത്തില്‍ പൊലീസ് കണ്ടെത്തി. കണ്ടെത്തുമ്പോള്‍ വിശപ്പും ദാഹവും ഭയവും കാരണം ആകെ പരിഭ്രമത്തിലായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page