തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് കോട്ടകളിൽ 3 താമരകൾ വിരിഞ്ഞു. ഇടതു കോട്ടകൾ എന്നറിയപ്പെടുന്ന കഴക്കൂട്ടത്തും ചാത്തന്നൂരും പുറമേ നേമത്തുമാണ് ബിജെപി സംസ്ഥാനത്ത് ചരിത്ര വിജയമുറപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് ആറു മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയെ തോൽപ്പിച്ചു മണ്ഡലം പിടിച്ചെടുത്തു. കഴക്കൂട്ടത്ത് പരാജയപ്പെട്ടത് സി.പി.എം.നേതാവും മുൻമന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരനാണ് ഇവിടെ വിജയക്കൊടി പാറിച്ചത്. ചാത്തന്നൂരിൽ ബിജെപിയുടെ ബി.ബി. ഗോപകുമാർ ബിജെപിക്ക് അപ്രതീക്ഷിത വിജയം നേടിക്കൊടുത്തു. ഇവിടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പൊതു സമ്മതനുമായ ആർ രാജേന്ദ്രനാണ് പരാജയപ്പെട്ടത്. ബി.ജെ.പി. വിജയിച്ച മൂന്നു സീറ്റുകളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ ആണ്. പാലക്കാട്, മലമ്പുഴ , ആറ്റിങ്ങൽ, കാസർകോട്, മഞ്ചേശ്വരം, തിരുവല്ല മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്.






