റീല്‍ എടുക്കാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ കൗമാരക്കാര്‍ കുടുങ്ങി; 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യോമസേന രക്ഷപ്പെടുത്തി

ലക്‌നൗ: റീല്‍ എടുക്കാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ കൗമാരക്കാര്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ വാട്ടര്‍ ടാങ്കിന് മുകളിലാണ് കൗമാരക്കാര്‍ കുടുങ്ങിയത്. ഒടുവില്‍ 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സംഘത്തെ രക്ഷപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സെന്‍ട്രല്‍ എയര്‍ കമാന്‍ഡില്‍ നിന്നുള്ള ഐ.എ.എഫ് എം.ഐ -17 വി 5 ഹെലികോപ്റ്റര്‍ ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കാന്‍ഷിറാം അവാസി കോളനിയില്‍ എത്തിയ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനുശേഷം യുവാക്കളെ ഗോരഖ്പൂരിലേക്ക് കൊണ്ടുപോയി. കോളനി നിവാസികള്‍ക്ക് വെള്ളമെടുക്കാനായി സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ വാട്ടര്‍ ടാങ്കാണ് ഇത്.

ജില്ലാ മജിസ്ട്രേറ്റ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് , അഡീഷണല്‍ പൊലീസ് സൂപ്രണ്ട്, എസ്.ഡി.എം, സി.ഒ സദര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി വകുപ്പ്, മുനിസിപ്പല്‍ ഭരണകൂടം, ജില്ലാ ഭരണകൂടം, എന്‍ഡിആര്‍എഫ് എന്നിവയിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പവന്‍, കല്ലു, സിദ്ധാര്‍ത്ഥ്, ഷാനി, ഗോലു എന്നിവരടങ്ങിയ അഞ്ചംഗ കൗമാര സംഘം റീലെടുക്കാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗോവണി തകര്‍ന്ന് മൂന്നുപേര്‍ താഴെ വീണു. ഇതില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. രണ്ടുപേര്‍ ടാങ്കിന് മുകളില്‍ കുടുങ്ങുകയായിരുന്നു. പവന്‍, കല്ലു എന്നിവരാണ് ടാങ്കിന് മുകളില്‍ കുടുങ്ങിയത്. സിദ്ധാര്‍ത്ഥ് മരിച്ചു. ഷാനിയും, ഗോലുവും മാധവ് പ്രസാദ് ത്രിപാഠി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

കുട്ടികളെ താഴെ ഇറക്കാന്‍ പല വഴികളും ആലോചിച്ചെങ്കിലും അതൊന്നും പ്രാവര്‍ത്തികമല്ലാത്തതിനാലാണ് ഹെലികോപ്റ്ററിന്റെ സഹായം തേടിയതെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page