അമ്പലത്തറ പെടവടുക്കത്തെ ലീല വധക്കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മുബൈയില്‍ വച്ച് സാഹസികമായി പിടികൂടി

കാസര്‍കോട്: പെടവടുക്കത്തെ ലീല വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയില്‍ വെച്ച് സാഹസികമായി പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിബാദ് സ്വദേശിയായ കൗമാരക്കാരനെയാണ് നവി മുംബൈയില്‍ വെച്ച് പൊലീസ് അറസ്റ്റുചെയ്തത്. 2017 നവംബര്‍ 15 നാണ് തട്ടുമ്മല്‍ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല(57)യെ കൊലപ്പെടുത്തിയത്. ലീലയുടെ വീട്ടില്‍ തേപ്പ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും കമ്മലും കൈക്കലാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈയില്‍ ഹോം കോടതി ജാമ്യം നല്‍കിയിരുന്നു. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിതിന്‍ രാജ് ജില്ലാ പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തതോടെയാണ് കേസിന് വീണ്ടും ജീവന്‍ വച്ചത്. ഒളിവില്‍ പോയ ശേഷം പ്രതി മൊബൈല്‍ ഫോണ്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. ഇതിനാല്‍ പ്രതിയെ പിടികൂടുന്നത് ഏറെ വിഷമകരമായി. പിന്നീട് പ്രതിയുടെ സുഹ്യത്തുക്കളെ കണ്ടെത്തി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സി.ഷാജു, എ.എസ് .ഐ. കെ. ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു, ബിജു കീനേരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് മുംബൈയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഹോസുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page