യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്

മംഗ്‌ളൂരു: ഭര്‍തൃമതിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജീവപര്യന്തം തടവിനും കാല്‍ ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി, സ്വദേശികളായ മിഥുന്‍, നാഗേഷ് എന്നിവരെയാണ് ഉഡുപ്പി കോടതി ശിക്ഷിച്ചത്. ഉഡുപ്പി, മാഞ്ചി, കുമേരിയിലെ രാമനാഥ് റായിയുടെ ഭാര്യ സുമതിയാണ് വധശ്രമത്തിനു ഇരയായത്. 2022 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. രാമനാഥ് ഉഡുപ്പി ടൈഗര്‍ സര്‍ക്കിളിനു സമീപത്തെ പാല്‍ വ്യാപാരിയായിരുന്നു. സംഭവദിവസം ഭര്‍ത്താവ് കടയിലേയ്ക്ക് പോയതായിരുന്നു. ഈ സമയത്ത് സുമതിയുടെ ബന്ധുവായ മിഥുനും നാഗേഷും വീട്ടിലെത്തി. മിഥുനെ കണ്ടതോടെ സുമതി വാതില്‍ തുറന്നു കൊടുത്തു. അകത്തു കയറിയ ഉടന്‍ മിഥുനും സുഹൃത്തും ചേര്‍ന്ന് സുമതിയുടെ കഴുത്തു ഞെരിച്ചു. മരിച്ചുവെന്നു കരുതി സുമതിയെ ഒരു ചാക്കിനകത്താക്കിയ ശേഷം വലിയ പെട്ടിക്കകത്താക്കി. പെട്ടി എവിടെയെങ്കിലും ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യാദൃശ്ചികമായി ഭര്‍ത്താവ് രാമനാഥ് റായി വീട്ടിലെത്തി. വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി അയല്‍ക്കാരെ വിളിച്ചുകൂട്ടി. ഇതിനിടയില്‍ വാതില്‍ തുറന്നു രക്ഷിപ്പെടാന്‍ ശ്രമിച്ച മിഥുനെയും നാഗേഷിനെയും ആള്‍ക്കൂട്ടം കയ്യോടെ പിടികൂടി. വീട്ടിനകത്തു ചെന്നു നോക്കിയപ്പോഴാണ് സുമതിയെ പെട്ടിയില്‍ അടച്ചനിലയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ നടത്തിയ ശേഷമാണ് സുമതിയുടെ ജീവന്‍ രക്ഷിച്ചത്. മുന്‍ വൈരാഗ്യമാണ് വധശ്രമത്തിനു ഇടയാക്കിയതെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page