ആംബുലന്‍സില്‍ നിന്നു ഇറങ്ങിയോടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ആംബുലന്‍സില്‍ നിന്നു ഇറങ്ങി ഓടിയ ആളെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി രവീന്ദ്രന്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഈഞ്ചക്കല്ലില്‍ ആണ് സംഭവം.
വ്യാഴാഴ്ച രാത്രിയോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച രവീന്ദ്രന്‍ പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നുവത്രെ. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സ് വിളിച്ചു വരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ആംബുലന്‍സില്‍ രവീന്ദ്രനെ കൂടാതെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബന്ധുക്കള്‍ മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനു പിന്നാലെ സഞ്ചരിച്ചു. ആംബുലന്‍സില്‍ അക്രമാസക്തനായ രവീന്ദ്രന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ഈഞ്ചയ്ക്കലില്‍ എത്തിയപ്പോള്‍ ചില്ലു തകര്‍ത്ത് പുറത്തേക്ക് ചാടുകയുമായിരുന്നുവത്രെ. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരും ബന്ധുക്കളും പിന്നാലെ ഓടിയെങ്കിലും രവീന്ദ്രനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഓടയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
മൃഗസ്‌നേഹിയായ രവീന്ദ്രന്‍ തെരുവു നായകള്‍ക്ക് സംരക്ഷണവും ഭക്ഷണവും നല്‍കുന്നയാളായിരുന്നു. ഇത്തരത്തില്‍ ഇടപെടുന്ന സമയത്ത് പേവിഷബാധയുള്ള നായയുടെ നഖം കൊണ്ടതു വഴിയായിരിക്കും പേവിഷബാധയുണ്ടായതെന്നു കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page