കാന്‍സറിനു കാല്‍മുറിച്ചു മാറ്റണമെന്നു നിര്‍ദ്ദേശം; യുവാവിനെ കാണാതായതായി പരാതി

കോഴിക്കോട്: കാലില്‍ ബാധിച്ച കാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അത് തടയാന്‍ കാല്‍ മുറിച്ചു മാറ്റണമെന്നുമുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ അസ്വസ്ഥനായ യുവാവിനെ കാണാതായി

താമരശ്ശേരി കാവുംപുറത്തെ നിഷാല്‍ സല്‍മാനെ(22)യാണ് ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കാണാതായതെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസമായി നിഷാല്‍ സല്‍മാന്‍ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നുവെന്നു പിതാവ് കെ.ടി സുലൈമാന്‍ പറഞ്ഞു. കാന്‍സര്‍ ശ്വാസകോശത്തിലേക്കു പടരാന്‍ സാധ്യതയുണ്ടെന്നും അത് തടയാന്‍ കാല്‍ മുറിച്ചുമാറ്റണമെന്നുമുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ നിഷാല്‍ കടുത്ത അസ്വസ്ഥതയിലായിരുന്നുവെന്നു വീട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് നിഷാല്‍ സല്‍മാന്‍ വീട്ടില്‍ നിന്നു പോയത്. ഇത് മൂലം ഫോണില്‍ ബന്ധപ്പെടാനോ ഫോണിന്റെ സഹായത്തോടെ കണ്ടുപിടിക്കാനോ കഴിയാത്ത സ്ഥിതിയായി. താമരശ്ശേരി പൊലീസാണ് അന്വേഷിക്കുന്നത്. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണമാരംഭിച്ചിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page