മരിച്ചുപോയ പിതാവിന്റെ 45 ലക്ഷം രൂപയും ജോലിയും സ്വന്തമാക്കാന്‍ മാതാവിനെ കൊലപ്പെടുത്തി; കൗമാരക്കാരിയും കാമുകനും അറസ്റ്റില്‍

ജാര്‍ഖണ്ഡ്: മരിച്ചുപോയ പിതാവിന്റെ 45 ലക്ഷം രൂപയും ജോലിയും സ്വന്തമാക്കാന്‍ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദത്തുപുത്രിയേയും കാമുകനേയും പൊലീസ് അറസ്റ്റുചെയ്തു. നഹിദ പര്‍വീണ്‍ ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഏപ്രില്‍ 24 നാണ് കൊലപാതകം നടന്നത്. വൈദ്യുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന പര്‍വീണിന്റെ ഭര്‍ത്താവ് നാലുവര്‍ഷം മുമ്പാണ് മരിച്ചത്. തുടര്‍ന്ന് 17 കാരിയായ ദത്തുപുത്രിക്കൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്.

സര്‍വീസിലിരിക്കെയാണ് ഭര്‍ത്താവ് മരിച്ചത്. പിന്നാലെ സര്‍ക്കാരില്‍ നിന്ന് കുടുംബത്തിന് 45 ലക്ഷം രൂപ ലഭിച്ചിരുന്നു. ദത്തുപുത്രിയായിരുന്നു എല്ലാത്തിനും നോമിനി. ആശ്രിത നിയമന അവകാശിയും ദത്തുപുത്രി തന്നെ. പണം ലഭിച്ചതോടെ കൗമാരക്കാരിയുടെ സ്വഭാവം പാടെ മാറി. ഇടയ്ക്കിടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് ചെലവഴിക്കാന്‍ തുടങ്ങി. ഇതറിയാനിടയായ പര്‍വീണ്‍ മകളെ ശാസിച്ചു.

ഒടുവില്‍ പണമെടുക്കുന്നതിനും ആശ്രിത നിയമനത്തിനും അമ്മ തടസമാണെന്ന് കണ്ട് ദത്തുപുത്രി കാമുകന്‍ അര്‍ബാസ് ഖാനു(20)മായി ചേര്‍ന്ന് മാതാവിനെ ഒഴിവാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഏപ്രില്‍ 24 ന്, വെള്ളിയാഴ്ച പര്‍വീണ്‍ ഉറങ്ങിക്കിടക്കുന്നതിനിടെ കൗമാരക്കാരിയും കാമുകന്‍ അര്‍ബാസ് ഖാനും അയാളുടെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശ്രമം ചെറുക്കുന്നതിനിടെ പര്‍വീണിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് പര്‍വീണ്‍ മരിച്ചു. കൊലയാളികള്‍ക്ക് ദത്തുപുത്രി 12 ലക്ഷം രൂപ നല്‍കിയതായി പറയുന്നു.

തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങളെ വിളിച്ച് മാതാവ് കുളിമുറിയില്‍ വീണ് മരിച്ചതായി അറിയിച്ചു. മരണ വിരമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ പര്‍വീണിന്റെ കഴുത്തിലെ മുറിവ് കാണുകയും മരണത്തില്‍ സംശയംപ്രകടിപ്പിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണത്തിനും ആശ്രിത നിയമനത്തിനും സ്വത്ത് തട്ടിയെടുക്കാനുമായി ദത്തുപുത്രിയും കാമുകനും ചേര്‍ന്ന് പര്‍വീണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുന്നത്. ഇതോടെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ കാമുകനൊപ്പം ആഢംബര ജീവിതം നയിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page