മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്രബസാര്‍-പെര്‍വാഡ് പ്രദേശത്തെ ജനങ്ങള്‍ക്കും, സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ദേശീയപാത മുറിച്ചു കടക്കാനുള്ള ഏക വഴിയായ കൊപ്ര ബസാറിന് സമീപത്തെ ഡ്രൈനേജ് കം നടപ്പാതയില്‍ വെളിച്ചമില്ലാത്തതു നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്തുള്ള ആരാധനാലയങ്ങളിലേക്കും സ്‌കൂള്‍- മദ്രസകളിലേക്കും റേഷന്‍ കടയിലേക്കുമൊക്കെ പോകാന്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ മിനി അടിപ്പാത രൂപത്തിലുള്ള ഓവുചാല്‍ കം നടപ്പാതയെ യാണ്. ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ പോലും കഴിയില്ല. അപകടങ്ങള്‍ ഒഴിവാക്കാനും, വാഹനങ്ങള്‍ പോകാതിരിക്കാനും കമ്പിവേലി സ്ഥാപിച്ചിട്ടുമു ണ്ട്. ഇതില്‍ നാട്ടുകാര്‍ക്ക് പരിഭവവുമില്ല.
എന്നാല്‍ രാത്രികാലങ്ങളില്‍ മദ്രസയിലേക്കും പള്ളികളിലേക്കും പോകുന്ന മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതിനകത്ത് വെളിച്ചമില്ലാത്തത് വലിയ ദുരിതമാവുന്നുണ്ട്.ഇരുട്ടത്ത് റോഡ് മുറിച്ചു കടക്കാനാണ് പ്രയാസപ്പെടുന്നത്. അതേസമയം ദേശീയപാതയില്‍ മറ്റുള്ള സ്ഥലങ്ങളില്‍ ഇത്തരം മിനി അടിപ്പാതകളില്‍ ദേശീയപാത നിര്‍മ്മാണ കമ്പനി ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ചമൊരുക്കിയിട്ടുമുണ്ട്.
കൊപ്രസാറില്‍ നേരത്തെ ഉണ്ടായിരുന്ന കലുങ്കാണ് നാട്ടുകാര്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ നടപ്പാതയോട് കൂടിയ ഓവുചാല്‍ മിനി അടിപ്പാത രൂപത്തില്‍ നിര്‍മ്മിച്ചത്. കുമ്പള ടൗണിന് സമീപവും, മൊഗ്രാല്‍ കൊപ്പളം ദേശീയപാതയിലും ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ മാത്രമായി മിനി അടിപ്പാത നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇത് പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസവുമാണ്.
മൊഗ്രാല്‍ ടൗണ്‍ അടിപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂര ദൈര്‍ഘ്യമുള്ളതാണ് കൊപ്ര ബസാര്‍ ഡ്രൈനേജ് കം നടപ്പാത. ഇവിടെ വെളിച്ചമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യമുയരുന്നു.







