കാസര്‍കോട്: കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കുന്നതിനു പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധര്‍, മനഃശാസ്ത്ര വിദഗ്ദ്ധര്‍, സ്‌കൂളുകള്‍, മാതാപിതാക്കള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മ രൂപം കൊള്ളുന്നു.
മയക്കുമരുന്ന് ലഹരി ഉപയോഗം തടയുന്നതിനു പൊലീസ് നടപ്പാക്കിവരുന്ന തൂഫാന്‍ പരിപാടിയുടെ ഭാഗമായി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച കൂട്ടായ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു. പൊലീസ് സൂപ്രണ്ട് നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹികളായ ഡോ. മാഹിന്‍ പി അബ്ദുള്ള, ഡോ. ഉദയ് ശ്രീനിവാസ്, ഐ എം എ ചെയര്‍മാന്‍, സൈക്യാട്രിസ്റ്റ്സ് അസോസിയേഷന്‍ പ്രതിനിധി ഡോ. ജോസ്ന ബി നായര്‍, ഐ എം എ പ്രതിനിധി ഡോ. നാരായണ നായിക് പങ്കെടുത്തു. തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ദ്ധരുടെ സേവനം, ബോധവല്‍ക്കരണം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തല്‍, കൗണ്‍സിലിംഗ്, സാമൂഹ്യാധിഷ്ഠിത പ്രതിരോധ പ്രവര്‍ത്തനം എന്നിവയില്‍ സജീവമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു.







