അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ സഹോദരിമാര്‍ കന്യാകുമാരി കടല്‍ തീരത്ത് മരിച്ച നിലയില്‍

തിരുവനന്തപുരം: അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ സഹോദരിമാരെ കന്യാകുമാരി കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയില്‍ താമസിക്കുന്ന സഹോദരികള്‍ ഏതാനും ദിവസം മുന്‍പ് അവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. പിന്നാലെ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്.

കന്യാകുമാരിയിലെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇവിടെ നിന്നു പുറത്തുപോയ ഇവര്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ യുവതികള്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കന്യാകുമാരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്തെ കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് കരയിലെത്തിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page