കെ.എസ്.ആര്‍.ടി.സി യാത്രക്കാരന്റെ കൈ അറ്റുപോയ സംഭവം; യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തില്‍ സൈഡ് കൊടുക്കുന്നതിനിടയില്‍ ബസ് യാത്രക്കാരനായ യുവാവിന്റെ കൈ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അറ്റുപോയ സംഭവത്തില്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലമിന്(19) ആണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വയനാട് എം.എ.സി.ടി കോടതിയുടേതാണ് ഉത്തരവ്. 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നും ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുത തൂണില്‍ തട്ടി അസ്ലമിന്റെ ഇടതുകൈ മുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അപകടം നടക്കുന്ന സമയത്ത് ബത്തേരിയില്‍ ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു അസ്ലം.

നഷ്ടപരിഹാരത്തിന് വയനാട് എം.എസി.ടി കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ബത്തേരിയിലെ അഭിഭാഷകനായ ടി.ആര്‍ ബാലകൃഷ്ണനാണ് അസ്ലമിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഈ ഹര്‍ജിയിലാണ് വിധി. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി യാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page