എക്‌സിറ്റ്‌പോള്‍: ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍ തന്നെ; അമിതമായി ഒരു സ്ഥാനവും ചോദിക്കില്ലെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനു ഭൂരിപക്ഷം കിട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്നു മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ അമിതമായി ഒരു സ്ഥാനവും ചോദിക്കില്ല. മുസ്ലീംലീഗ് ശക്തമായ മുന്നേറ്റം നടത്തും. മലപ്പുറം ജില്ലയില്‍ മാത്രം ലീഗിന് 16 സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പ്രതികരിച്ചു. എല്ലാ സര്‍വ്വേകളിലും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ പിണറായി വിജയന്‍ ആണെന്നു പറയുന്നു. അപ്പോള്‍ ജനങ്ങള്‍ ഏതു മുന്നണി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നു ഊഹിക്കാവുന്നതേ ഉള്ളൂ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ കാവിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ പറഞ്ഞു. 80 മുതല്‍ 90 സീറ്റുകള്‍ വരെ നേടി യു ഡി എഫ് അധികാരത്തില്‍ വരും. ആരായിരിക്കും മുഖ്യമന്ത്രിയെന്നതു സംബന്ധിച്ച് ജനവിധി അറിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page