അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പ്; സ്‌നേക്ക് റെസ്‌ക്യുവര്‍മാരെത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ അഡൂര്‍, പതിക്കാലിലെ രവിയുടെ വീട്ടിലെ മരത്തില്‍ നിര്‍മ്മിച്ച മേശവലുപ്പിലാണ് അപൂര്‍വ്വമായ പാമ്പിനെ കണ്ടെത്തിയത്. കുട്ടികളാണ് മേശവലുപ്പിനകത്ത് പാമ്പിനെ ആദ്യം കണ്ടത്. വിവരം വീട്ടിലെ മുതിര്‍ന്നവരോട് പറഞ്ഞു. വീട്ടുകാര്‍ ഫോറസ്റ്റര്‍ കൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പിന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം റെസ്‌ക്യൂവര്‍മാരായ പാണ്ടിയിലെ അനില്‍, ഏവത്തൂരിലെ മഹേഷ് എന്നിവരെ വിവരമറിയിച്ചു. ഇരുവരും സ്ഥലത്തെത്തി മേശവലുപ്പു തുറന്ന് നോക്കിയപ്പോള്‍ പാമ്പിനെ കണ്ടു. വിശദമായ പരിശോധനയില്‍ ചേരയാണെന്നും ശരീരത്തില്‍ വലിയ സ്വര്‍ണ്ണമോതിരം കുടുങ്ങിക്കിടക്കുന്നതായും കണ്ടു. മോതിരം കുടുങ്ങിയതിനാല്‍ പാമ്പ് അവശനിലയിലായിരുന്നു. തുടര്‍ന്ന് പാമ്പിനെ മേശവലുപ്പില്‍ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് ചേരയെ കാട്ടിനകത്തേക്ക് വിട്ടയച്ചു. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നു ഫോറസ്റ്റര്‍ കൃഷ്ണന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page