എറണാകുളം: മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെ രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉള്‍പ്പെടെയുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി.
ഏപ്രില്‍ 26 ന് വൈകിട്ടാണ് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള റോഡില്‍ വച്ച് പൊലീസിനെ വെട്ടിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. ജീപ്പിലേക്ക് കയറ്റാന്‍ ഒരുങ്ങുമ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞ പ്രതികളുടെ കൈവിലങ്ങ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ അഴിക്കുകയായിരുന്നു. ഉടനെ പ്രതികള്‍ കടന്നുകളയുകയായിരുന്നു. പിടിച്ചുപറിക്കേസ് പ്രതി പത്തനംതിട്ട സ്വദേശി റസല്‍, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്.
സൂരജിനെ ചേന്ദമംഗലത്തെ തോട്ടില്‍ നിന്ന് പിന്തുടര്‍ന്ന പൊലീസ് അപ്പോള്‍ തന്നെ പിടികൂടി. എന്നാല്‍ റസലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
റസലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് റസല്‍ എന്നും ഇതിന് മുമ്പും പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ ചാടിപോയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.







