ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയായ യുവതിയുടേത്; കൊലപ്പെടുത്തിയത് ഭര്‍ത്താവ്; പ്രതി കസ്റ്റഡിയില്‍

മലപ്പുറം: പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്നുരാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നും ചോദ്യം ചെയ്യലില്‍ സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

യുവതിയും ഭര്‍ത്താവും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയത്. പിന്നീട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ യുവതിയെ പലരും ബീച്ചില്‍ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് പിടിയിലാകുന്നത്. ദമ്പതികള്‍ക്ക് നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ വീട്ടിലാക്കിയാണ് ദമ്പതികള്‍ ബീച്ചിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page