തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ വേണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം ആവാം എന്നാല്‍ അക്രമം പാടില്ല. രോഗികളെയും വിദ്യാര്‍ത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹര്‍ത്താല്‍ നല്ല ഉദ്ദേശത്തില്‍ ഉള്ളതാണ്, എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആവരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലെത്താന്‍ വാഹനം കിട്ടാത്തതിനാല്‍ വലഞ്ഞു. രോഗികളും മറ്റ് യാത്രക്കാരുമെല്ലാം പ്രതിസന്ധിയിലായി.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഹര്‍ത്താലാണെന്നറിയാതെ ബെംഗ്ലൂരില്‍ നിന്നുമെത്തിയ യാത്രക്കാര്‍ വരെ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. ബസുകള്‍ കടത്തി വിടാന്‍ പൊലീസ് ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സി.ആര്‍.പി.എഫ് ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരാണ് റോഡില്‍ പ്രതിഷേധിച്ചത്.







