നിതിന്‍ രാജിന്റെ മരണം; പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു; വി.ഐ.ടി എന്‍ട്രന്‍സ് എഴുതേണ്ട വിദ്യാര്‍ത്ഥികളടക്കം ഗതാഗത കുരുക്കില്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളും രോഗികളും മറ്റ് യാത്രക്കാരും. വി.ഐ.ടി എന്‍ട്രന്‍സ് എഴുതേണ്ട വിദ്യാര്‍ത്ഥികളടക്കം ഗതാഗത കുരുക്കില്‍പ്പെട്ടു. ഒമ്പതുമണിക്കാണ് റിപ്പോര്‍ട്ടിംഗ് സമയം. പരീക്ഷ എഴുതാന്‍ കഴിയാത്ത ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

ആശുപത്രിയിലേക്ക് പോകുന്ന രോഗികളും വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് നിര്‍ത്തുകയാണ്. കടകളും അടപ്പിക്കുന്നുണ്ട്. റോഡില്‍ കിടന്നും മറ്റും സമരാനുകൂലികള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നിലപാട് കൈക്കൊള്ളുകയാണ്. ദേശീയ പാതയിലടക്കം വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്.

തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അടൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുമ്പിലായി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എന്നാല്‍, ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരത്തും, കണ്ണൂര്‍ പഴയങ്ങാടിയിലും വാഹനങ്ങള്‍ തടഞ്ഞു.

അതേസമയം, ഹര്‍ത്താല്‍ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സര്‍വീസടക്കം സ്വകാര്യബസുകളും നിരത്തില്‍ ഓടുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മറ്റു പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസില്‍ നിന്ന് ഇറക്കി. ഇവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറു മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page