കുമ്പളയിലെ ബസ് സ്റ്റാന്റ് വിവാദം: കുമ്പള വഴിയുള്ള ബസ് സര്‍വ്വീസ് നിലച്ചു

കുമ്പള: ഓരോരോ പഞ്ചായത്തു ഭരണസമിതികള്‍ അവര്‍ക്കു താല്‍പ്പര്യമുള്ളവര്‍ക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ കുമ്പളയിലെ സ്വകാര്യ ബസ് സര്‍വ്വീസ് നിശ്ചലമാക്കി.
കഴിഞ്ഞ കുമ്പള പഞ്ചായത്ത് ഭരണസമിതി ടൗണിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ കുമ്പളയില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്കു സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കു ടൗണിന്റെ പല ഭാഗങ്ങളില്‍ ഷെഡ്ഡു കെട്ടി ബസ് സ്റ്റാന്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അതിനെതിരെ വിവിധ കോണുകളില്‍ നിന്നു സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായെങ്കിലും പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞുടനെ അന്നു പഞ്ചായത്ത് തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നവര്‍ വീണ്ടും നിവേദനവുമായി പഞ്ചായത്ത് ഭരണസമിതിയെ സമീപിക്കുകയും ജില്ലാ സഹകരണ ആശുപത്രിക്കടുത്തെ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യേണ്ട സ്വകാര്യ ബസ്സുകള്‍ കുമ്പളയില്‍ മുമ്പുണ്ടായിരുന്ന ബസ് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്യണമെന്നു തീരുമാനിക്കുകയുമായിരുന്നെന്നു പറയുന്നു. പഞ്ചായത്ത് ഭരണ സമിതിയില്‍ ഒരു സംഘം വ്യാപാരികളും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നു പറയുന്നു. വിവാദ യോഗത്തില്‍ ബസ്സുടമകളെയോ ബസ് ജീവനക്കാരുടെ പ്രതിനിധികളെയോ, യാത്രക്കാരെയോ പൊലീസിനെയോ വിളിച്ചിരുന്നില്ലെന്നും ആക്ഷേപം ഉണ്ട്. അതുകൊണ്ടു തന്നെ പഞ്ചായത്തിന്റെ തീരുമാനം ബസ്സുകള്‍ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു.

ഇതിനിടയില്‍ കുമ്പളയില്‍ നിന്ന് ഇന്ന് ഒരു കൂട്ടം വ്യാപാരി യൂത്ത് വിംഗ് അംഗങ്ങള്‍ സീതാംഗോളിയില്‍ പോവുകയും അവിടെ നിന്നു കുമ്പളയിലേക്കു വന്ന ബസ്സില്‍ കയറി കുമ്പള ബസ് സ്റ്റാന്റിലേക്കെന്നു പറഞ്ഞു ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നതായി പറയുന്നു. ബസ് സ്റ്റാന്റായി പ്രവര്‍ത്തിക്കുന്ന സഹ. ആശുപത്രിക്കടുത്തെ ബസ് സ്റ്റോപ്പില്‍ ബസ് ഓട്ടം അവസാനിപ്പിച്ചെങ്കിലും യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റില്‍ പോകണമെന്നാവശ്യപ്പെട്ടു ബസ്സിലിരുന്നു ബഹളം വച്ചു. ബഹളം അനിയന്ത്രിതമാവുകയും ആളുകള്‍ കൂട്ടം കൂടുകയും ചെയ്തതോടെ മുഴുവന്‍ സ്വകാര്യ ബസുകളും ബസ് സര്‍വ്വീസ് നിറുത്തിവച്ചിരിക്കുകയാണ്. ബസുകള്‍ക്കു സുഗമമായി പാര്‍ക്ക് ചെയ്യാനും തിരിക്കാനും സൗകര്യമുള്ള ബസ് സ്റ്റാന്റും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാവണം ബസ്സ്റ്റാന്റെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ദിവസവും ബസ് സ്റ്റാന്റ് ഓരോരുത്തര്‍ക്കുവേണ്ടി മാറ്റിയാല്‍ അതിനനുസരിച്ചു ബസ്സുകള്‍ ഓടിക്കാനാവില്ലെന്നും ബസ് ജീവനക്കാര്‍ മുന്നറിയിച്ചു. ബസ്സ് ജീവനക്കാരുടെ പ്രതിഷേധത്തിനു പിന്തുണയുമായി ഓട്ടോ ഡ്രൈവര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page