പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി

ചിറ്റൂര്‍: പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ‘എ.ബി.എന്‍ ആന്ധ്രജ്യോതി’ എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് കൊലപാതകം നടന്നത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റെഡ്ഡിയെ പിന്തുടര്‍ന്ന് പിടികൂടി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് തന്നെ റെഡ്ഡി മരിച്ചു. തൊഴില്‍പരമായ ശത്രുതയോ വ്യക്തിപരമായ വിദ്വേഷമോ ആകാം കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്നും പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അതേസമയം റെഡ്ഡിയുടെ കൊലപാതകത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page