ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായകമായ പല സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

​ഇറാനും അമേരിക്കയും തമ്മിൽ പാകിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചയിൽ നിന്നു അമേരിക്ക പിൻമാറിയതിനെ ത്തുടർന്നു
ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്
​ഇസ്ലാമാബാദിലെ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. കൂടുതൽ സൈനിക-നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ ഇപ്പോൾ മുൻഗണന നൽകുന്നത്.

​ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം അമേരിക്കൻ നാവികസേന തുടരുകയാണ്. ഈ മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ഇറാനിലേക്കുള്ള എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടയുന്നത് സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ട്.

​ ഇറാൻ പതാകയേന്തിയ ഒരു ചരക്കുകപ്പൽ കഴിഞ്ഞ ദിവസം അമേരിക്കൻ സെൻട്രൽ കമാൻഡ് പിടിച്ചെടുത്തിരുന്നു. ഇതിന് മറുപടിയായി ഒമാൻ കടലിടുക്കിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും വാർത്തകളുണ്ട്.

​ഇറാനിയൻ തുറമുഖങ്ങൾക്കുള്ള ഉപരോധം കർശനമായി തുടരുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

​സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ ഇറാൻ നേതൃത്വം നേരിട്ട് വിളിക്കണമെന്നാണ് ട്രംപിന്റെ നിലപാട്.

തങ്ങളുടെ ആണവ പദ്ധതികളിലോ സൈനിക നയങ്ങളിലോ വിട്ടുവീഴ്ചയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു.

​വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നു.
​ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയുമാണ് അക്രമി ലക്ഷ്യം വച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.ഇതുസംബന്ധിച്ചു
കാലിഫോർണിയ സ്വദേശിയായ കോൾ ടോമസ് അലൻ പിടിയിലായി. ഇയാളെ ഇന്ന് ഫെഡറൽ കോടതിയിൽ ഹാജരാക്കും.

​ വെടിവയ്പ്പിന് തൊട്ടുമുമ്പ് ഇയാൾ അയച്ച മാനിഫെസ്റ്റോയിൽ തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ഉന്നത ഉദ്യോഗസ്ഥരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

​ഇറാനുമായും ലെബനനുമായും വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ലെബനനിലെ ഏഴ് അതിർത്തി ഗ്രാമങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഉത്തരവിട്ടു.

ഹിസ്ബുള്ള വെടിനിർത്തൽ ലംഘിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ ആരോപണം.

​ ട്രംപിനെ ലക്ഷ്യം വച്ചുണ്ടായ വെടിവയ്പ്പ് നാടകമാണെന്ന് പരിഹസിച്ച് ഇറാൻ ഒരു ‘ലെഗോ’ ആനിമേഷൻ വീഡിയോ പുറത്തിറക്കി. ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോഴെല്ലാം അദ്ദേഹം ഇത്തരം തന്ത്രങ്ങൾ പയറ്റാറുണ്ടെന്ന് ഇറാൻ ആരോപിച്ചു.

​ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ പ്രതിരോധ മന്ത്രി കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സൈനിക ഭരണകൂടത്തിന് കീഴിലുള്ള രാജ്യത്ത് വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം കടുക്കുന്നതിനിടെയാണ് ഈ സംഭവം. ഐക്യരാഷ്ട്രസഭ ഈ ആക്രമണത്തെ അപലപിച്ചു.

പലസ്തീനിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുയായികൾക്ക് വലിയ വിജയം. ഗസ്സയിലെ ചില സീറ്റുകളിലും ഇവർ വിജയിച്ചു.

​ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഫാൽക്ക്‌ലാൻഡ് ദ്വീപുകളെച്ചൊല്ലി അർജന്റീനയും ബ്രിട്ടനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി.

​ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ: ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ന് ഒപ്പുവെക്കും. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ന്യൂസിലാൻഡ് മന്ത്രി ടോഡ് മക്ലേയും പങ്കെടുക്കും. ഐടി, ഹെൽത്ത് കെയർ മേഖലയിലുള്ളവർക്ക് പ്രതിവർഷം 5,000 താൽക്കാലിക വിസകൾ ലഭ്യമാകും.

​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും സിക്കിം സന്ദർശിക്കും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പൊതുസമ്മേളനങ്ങളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

​രാഷ്ട്രപതി ദ്രൗപതി മുർമു അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഹിമാചൽ പ്രദേശിലെത്തും. ഷിംലയിലെ രാഷ്ട്രപതി നിവാസിലായിരിക്കും താമസം.

​ വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

​ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന 7 രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് രാജ്യസഭാ ചെയർമാന് പരാതി നൽകി.

​ വരാനിരിക്കുന്ന സെൻസസ് കേവലം ഒരു സർക്കാർ പദ്ധതിയല്ലെന്നും എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ‘മൻ കി ബാത്തിലൂടെ’ ഓർമ്മിപ്പിച്ചു.

​കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും പ്രധാനമന്ത്രിയുടെയും പേരിൽ പ്രചരിക്കുന്ന നിക്ഷേപ തട്ടിപ്പ് വീഡിയോകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

​കാലാവസ്ഥ: ചൂടിന് നേരിയ ശമനം, മഴയെത്തുന്നു.
​സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കടുത്ത ഉഷ്ണത്തിന് ആശ്വാസമായി ഇന്ന് മുതൽ വേനൽമഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

​പത്തനംതിട്ട ഉൾപ്പെടെയുള്ള ചില ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങി. അടുത്ത ദിവസങ്ങളിൽ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
​എങ്കിലും പാലക്കാട് (40°C), കൊല്ലം (39°C) തുടങ്ങിയ ജില്ലകളിൽ ഉയർന്ന താപനില തുടരുന്നതിനാൽ ജാഗ്രത പാലിക്കണം.

​ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

ആലപ്പുഴ ജില്ലാ ജയിലിൽ ഒരു റിമാൻഡ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാനത്ത് ഔദ്യോഗികമായി പവർകട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാത്രി 9 മുതൽ 11 വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.

​ശൈശവ വിവാഹത്തിന് കേസ്: ചന്തേര പോലീസ് പരിധിയിൽ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു നൽകിയ സംഭവത്തിൽ പള്ളിയുടെ സെക്രട്ടറി, ഉസ്താദ്, പെൺകുട്ടിയുടെ പിതാവ്, വരൻ എന്നിവരടക്കം നാല് പേർക്കെതിരെ കേസെടുത്തു.

​ ലോക മലമ്പനി ദിനാചരണ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ കാലിക്കടവിൽ നടന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

കണ്ണൂരിലും ഇടുക്കിയിലും കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

​ കാസർകോട് റെയിൽവേ സ്റ്റേഷനിൽ അമിത പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുന്നു.

​സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page