വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

ഇടുക്കി: വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്തെ മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീര ഭാഗങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പച്ചടി സ്വദേശിയായ മേരിക്കുട്ടിയേയും ഇവരുടെ മൂത്ത മകന്‍ റെജിയേയും ഒരു മാസമായി കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മേരിക്കുട്ടിയും രണ്ടു മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഇവര്‍ സമീപവാസികളുമായി ഇടപഴകാറില്ലെന്ന് പൊലീസ് പറഞ്ഞു. മേരിക്കുട്ടിയേയും മൂത്ത മകനേയും ഒരു മാസമായി കാണാനില്ലെന്ന് നാട്ടില്‍ സംസാരമുണ്ടായിരുന്നു. ഇവര്‍ക്ക് എന്തു പറ്റിയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ ഇളയ മകനോട് ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയതെന്ന് പറയുന്നു.

രണ്ടുപേരെയും കൊന്നു കുഴിച്ചുമൂടിയതാകാം എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസം മേരിക്കുട്ടിയുടെ മകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരം വച്ച് വീട്ടുപറമ്പില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാന്റിട്ട കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ഇവിടെ കൂടുതല്‍ പരിശോധിച്ചാല്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. മേരിക്കുട്ടിയുടെ ഇളയ മകന്‍ ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയുന്നത്.

മൃതദേഹം ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. അതിനായി എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ സംഘം സ്ഥലത്തെത്തി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചത് മേരിക്കുട്ടിയും മകനും തന്നെ ആണോ എന്ന് അറിയാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page