മകളെ കൊന്ന് ജയിലില്‍ പോയ പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ചെന്നൈ: മകളെ കൊന്ന് ജയിലില്‍ പോയ പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. തഞ്ചാവൂരിലെ മേലകാലക്കുടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യയെ(26) വെട്ടിക്കൊന്ന കേസിലെ പ്രതിയായ അജിത് കുമാറി(29) നെ കൊലപ്പെടുത്തിയ കേസിലാണ് കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തിയെ(53) പൊലീസ് അറസ്റ്റുചെയ്തത്.

കൊലപാതകത്തിനുശേഷം പണ്യമൂര്‍ത്തിയും കൂട്ടാളികളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ ആയിരുന്നു അജിത്ത് കാവ്യയെ കൊലപ്പെടുത്തിയത്. കൊലപാതക കുറ്റത്തിന് ജയിലിലായ അജിത്ത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലറങ്ങിയപ്പോഴാണ് കൊലപ്പെടുത്തിയത്.
മകളെ കൊന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു പിതാവ് പണ്യമൂര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു.

അജിത് കുമാറും കാവ്യയും അടുപ്പത്തിലായിരുന്നു. എന്നാല്‍ പെയിന്റ് പണിക്കാരനായ അജിത്തിന് മകളെ വിവാഹം ചെയ്ത് കൊടുക്കാന്‍ പുണ്യമൂര്‍ത്തി തയ്യാറായില്ല. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കാവ്യ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ കാവ്യ അജിത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജിത്ത് കാവ്യ സ്‌കൂളിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മകളുടെ മരണത്തിന് പിന്നാലെ തകര്‍ന്ന പണ്യമൂര്‍ത്തി പ്രതി പുറത്തിറങ്ങുന്നതും കാത്ത് നില്‍ക്കുകയായിരുന്നു. അജിത് പുറത്തിറങ്ങിയതറിഞ്ഞ് പണ്യമൂര്‍ത്തി നാലുബന്ധുക്കളെയും കൂട്ടി ശനിയാഴ്ച രാവിലെ അയാളുടെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പണ്യമൂര്‍ത്തി, എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവര്‍ ചോരപുരണ്ട വടിവാളുകളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page