തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ വേദനയില്‍ ആഘോഷമില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം. ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്നാണ് അതിന്റെ ഉച്ചിയിലെത്തുക. തുമ്പിക്കൈ ഉയര്‍ത്തി ആളുകളെ അഭിവാദ്യം ചെയ്താണ് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ പുറത്തുകടന്നത്.
വടക്കുന്നാഥ ക്ഷേത്രസന്നിധിയിലേക്ക് രാവിലെ മുതല്‍ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പു തുടങ്ങി. കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനിലേക്ക് ആദ്യമെത്തുന്ന ഘടകപൂരം. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തും. മേളാരവവും ഗജവീരന്മാരും അകമ്പടിയുണ്ടാകും.
11 മണിയോടെ മഠത്തില്‍വരവ് തുടങ്ങും. മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചവാദ്യത്തേക്കാള്‍ ഹരം പിടിക്കാന്‍ മേളം തന്നെ വേണമെന്നുള്ളവര്‍ പാറമേക്കാവില്‍ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോള്‍ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്. വൈകിട്ട് 5.30ന് തെക്കേനടയിലാണ് കുടമാറ്റം.
രാത്രി ഭഗവതി ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകള്‍ ആവര്‍ത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാരത്തിന്റെ ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലും. അതുവരെ വേദനകളോട് ഉപചാരം ചൊല്ലി തൃശൂര്‍ പൂരമൊരുക്കുന്ന തിരക്കിലാണ്.







