രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പില്‍ ഇറക്കിയുമില്ല; കെ.എസ്.ആര്‍.ടി.സിക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ലെന്നും സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നുമുള്ള പരാതിയില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് 30,000 രൂപ പിഴയിട്ടു. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആര്‍.ടി.സി എംഡിയാണ് പിഴ അടയ്‌ക്കേണ്ടത്.

രോഗിയായ മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കുള്ള ദീര്‍ഘ ദൂര യാത്രയ്ക്കാണ് ബസില്‍ കയറിയത്. ഈ സമയം ഇരിക്കാന്‍ സീറ്റ് ഇല്ലാത്തതിനാല്‍ സീറ്റ് സംഘടിപ്പിച്ച് നല്‍കാന്‍ കണ്ടക്ടറോട് അഭ്യര്‍ത്ഥിച്ചു. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര തനിക്ക് ബുദ്ധിമുട്ടാണെന്നും അറിയിച്ചു. അതോടെ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്ന് കണ്ടക്ടര്‍ പറഞ്ഞു.

തൃശ്ശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. ബസ് പുറപ്പെട്ടതോടെ ഒരു യാത്രക്കാരനെത്തി അത് താന്‍ റിസര്‍വ് ചെയ്തതാണെന്നും സീറ്റ് ഒഴിയണമെന്നും പറഞ്ഞു. പിന്നാലെ കണ്ടക്ടറും സീറ്റൊഴിയാന്‍ നിര്‍ദേശിച്ചു. ഇതോടെ സൈനുദ്ദീന് നിന്ന് യാത്ര ചെയ്യേണ്ടിവന്നു. മാത്രമല്ല, സര്‍വീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാല്‍ കക്കാട് സ്റ്റോപ്പില്‍ ഇറങ്ങാനും കഴിഞ്ഞില്ലെന്ന് പറയുന്നു. ഇതോടെയാണ് സൈനുദ്ദീന്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

കോടതി സൈനുദ്ദീന് അനുകൂലമായി വിധി പറഞ്ഞു. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശയടക്കം നല്‍കണമെന്നുമാണ് വിധി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page