സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; മരിച്ചത് 75കാരി

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് ഇവര്‍ക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ കണ്ണൂരും പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 70 കാരി മരിച്ചിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ മുതുകുടയിലെ നബീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നബീസ ഇന്ന് രാവിലെയാണ് മരിച്ചത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സ്ത്രീകള്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വിവാഹ സത്കാരത്തിനെത്തിയ കായംകുളം സ്വദേശിനി സലീന (42), കുട്ടനാട് വൈശ്യംഭാഗം സ്വദേശിനി ഇന്ദിര (65) എന്നിവരാണ് മരിച്ചത്.

നേരത്തെ തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചതാകട്ടെ എട്ടുവയസ്സുള്ള കുട്ടികളും. തൃശൂര്‍ കടമ്പാട്ടെ ആല്‍ജോയും, തിരുവനന്തപുരം ചിറയിന്‍കീഴിലെ ദില്‍ഷനും. ആല്‍ജോയെ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ദില്‍ഷനെ മൂര്‍ഖന്‍ പാമ്പും. പാമ്പിന്റെ കടിയേറ്റ ആല്‍ജോയുടെ 10 വയസ്സുകാരനായ സഹോദരന്‍ അനോഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. ചെറായിയിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയ കോയമ്പത്തൂര്‍ സ്വദേശി ശര്‍മിളക്കാണ് കടിയേറ്റത്. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശര്‍മിളയെ തുടര്‍ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കൊല്ലത്തും ഒരാള്‍ക്ക് പാമ്പ് കടിയേറ്റു. രാമന്‍കുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലില്‍ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, തൃശൂരില്‍ പാമ്പുകടിയേറ്റ അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

കഴിഞ്ഞദിവസം കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയില്‍ മധ്യവയസ്‌കനും ഒറ്റപ്പാലത്ത് അംഗന്‍വാടി ടീച്ചര്‍ക്കും വയനാട് ഒരു യുവാവിനും കടിയേറ്റിരുന്നു. കായംകുളം എരുവ സ്വദേശി സന്തോഷിന്റെ മകള്‍ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടന്‍ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നല്‍കി. നിലവില്‍ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അനാമിക അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

തോട്ടപ്പള്ളി സ്വദേശി സാലിക്കാണ് (51) അര്‍ധരാത്രിയോടെ പാമ്പുകടിയേറ്റത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗന്‍വാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു. അംഗന്‍ വാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വിഷമില്ലാത്ത കുഴി മണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ കൊന്ന് കുപ്പിയിലാക്കിയിട്ടുണ്ട്. വിശാല(57)യ്ക്കാണ് കടിയേറ്റത്. ഇവരെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page