പൂരാവേശത്തിന്റെ നിറവില്‍ തൃശൂര്‍; തെക്കേഗോപുര വാതില്‍ തുറന്ന് നെയ്തല കാവിലമ്മ

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍ നഗരം. 14 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടത്തിന് പിന്നാലെയാണ് ലളിതമായ ചടങ്ങോടെ പൂരത്തിന് തുടക്കമായത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയാണ് ആഘോഷം. ഇതോടൊപ്പം കുടമാറ്റത്തിന്റെ സമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയില്‍ മാറ്റമില്ല.

പൂരത്തിന്റെ വിളംബരച്ചടങ്ങുകള്‍ ആരംഭിച്ചു. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി പൂരത്തിന്റെ തലേ ദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്നു തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് ചടങ്ങ്. ഇത്തവണയും എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.

രാവിലെ ക്ഷേത്രത്തില്‍ നിന്നു എഴുന്നള്ളിപ്പ് ആരംഭിച്ചു. പിന്നാലെ മണികണ്ഠനാലിലെത്തി അവിടെ നിന്നു മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തെത്തി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം. ശേഷം വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതില്‍ വഴി പുറത്തിറങ്ങി പൂരം വിളംബരം ചെയ്യും. ഈ ചടങ്ങുകളാണ് ഇപ്പോള്‍ നടക്കുന്നത്. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണു ഈ വാതില്‍ തുറക്കാറുള്ളത്. എഴുന്നള്ളിപ്പിന്റെ കൂടെ വരുന്നവരാണു ഗോപുരവാതില്‍ അകത്തേക്കു വലിച്ചു തുറന്നു നെയ്തലക്കാവ് ഭഗവതിയെ പുറത്തേക്ക് ആനയിക്കുന്നത്.

നാളെയാണ് തൃശൂര്‍ പൂരം. മഠത്തില്‍ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. കുടമാറ്റത്തിന് ഇരു വിഭാഗത്തിനും 15 ആനകള്‍ വീതം നിരക്കും. 15 മിനിറ്റ് എന്ന ധാരണയിലുള്ള കുടമാറ്റത്തില്‍ പതിനഞ്ചോളം കുടകള്‍ വീതം ഉയര്‍ത്തുമെന്നാണു കണക്കാക്കുന്നത്. വെടിക്കെട്ടുകളുടെ സമയത്ത് ആചാരപരമായി കതിന പൊട്ടിക്കും. ഘടക പൂരങ്ങളും ആചാര അനുഷ്ഠാനങ്ങള്‍ ഒഴിവാക്കാതെ നാളെ പൂരത്തിന്റെ ഭാഗമാകും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page