ഐ.എസ്.ആര്‍.ഒയുടെ അന്തരീക്ഷ പഠന ഉപകരണം പതിച്ചത് ബൈക്ക് യാത്രികരുടെ പുറത്ത്; ബോംബാണെന്ന് കരുതി പരിഭ്രാന്തി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ അന്തരീക്ഷ പഠന ഉപകരണം പതിച്ചത് ബൈക്ക് യാത്രികരുടെ പുറത്ത്. ഇത് ഏറെ നേരം പരിഭ്രാന്തി പരത്തി. പള്ളിക്കല്‍ പാരിപ്പള്ളി റോഡില്‍ കെട്ടിടം മുക്ക് ജംക്ഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. ഹൈഡ്രജന്‍ ബലൂണില്‍ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂണ്‍ പൊട്ടി നിലത്ത് പതിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ അതിന്റെ മോട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ ബോംബാണെന്ന് പരിഭ്രമിച്ച ബൈക്ക് യാത്രികര്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു.

അവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഐ.എസ്.ആര്‍.ഒ എന്നും പൊട്ടിത്തെറി, അപകടം എന്നിവ ഉണ്ടാക്കില്ല എന്നും യന്ത്രത്തില്‍ ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് കണ്ടു. ഇതോടെയാണ് പരിഭ്രാന്തി മാറിയത്. അന്തരീക്ഷത്തെ കുറിച്ചും കാലാവസ്ഥ, കാറ്റ്, മഴ, ഇടി, മിന്നല്‍ ന്യൂനമര്‍ദം എന്നിവയെ കുറിച്ചറിയാന്‍ ഐ.എസ്.ആര്‍.ഒ ഹൈഡ്രജന്‍ നിറച്ച ബലൂണില്‍ കെട്ടി അയച്ച യന്ത്രമാണ് ബലൂണ്‍ പൊട്ടി താഴെ വീണത്.

ഇവ സാധാരണ കടലില്‍ പതിക്കുകയാണ് പതിവെന്ന് ഐ.എസ്.ആര്‍. ഒ അറിയിച്ചു. കാറ്റിന്റെ ദിശയും മറ്റും പ്രതികൂലമായാല്‍ ചിലപ്പോള്‍ കരയിലും പതിക്കും. വളരെ ചെറിയ മോട്ടര്‍ ഘടിപ്പിച്ച യന്ത്രം ആയതിനാല്‍ ജനവാസ മേഖലയില്‍ വീണാലും അപകടം ഉണ്ടാകില്ലെന്ന് ഐ.എസ്.ആര്‍.ഒ ജീവനക്കാര്‍ അറിയിച്ചു. പള്ളിക്കല്‍ സ്റ്റേഷനില്‍ സൂക്ഷിച്ച ഉപകരണം അധികൃതര്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page