മൂന്നു വര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്നു വിരമിച്ച മുന്‍ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ സ്വകാര്യ കാറിനു ഇപ്പോഴും ഔദ്യോഗിക മുദ്രയായ മൂന്നു സ്റ്റാര്‍; ഫോണ്‍ പൊലീസിന്റെ ഔദ്യോഗിക സിരീസിലുള്ളത്

തിരുവനന്തപുരം: മൂന്നു വര്‍ഷം മുമ്പു സര്‍വ്വീസില്‍ നിന്നു വിരമിച്ച മുന്‍ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ സ്വകാര്യ കാറിനു ഇപ്പോഴും ഔദ്യോഗിക മുദ്രയായ മൂന്നുനക്ഷത്രം. ഉപയോഗിക്കുന്നത് പൊലീസിന്റെ ഔദ്യോഗിക സിരീസിലുള്ള ഫോണ്‍ നമ്പര്‍ എന്നും ആരോപണമുയര്‍ന്നു.
സ്വന്തം കാറിന് പൊലീസിന്റെ ഔദ്യോഗിക അടയാളം വച്ചു നടക്കുന്നതിനെക്കുറിച്ചന്വേഷിക്കാന്‍ ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടു. സര്‍വ്വീസിലിരിക്കുമ്പോള്‍ ഉപയോഗിച്ച പൊലീസ് ഫോണ്‍നമ്പര്‍ ഇപ്പോഴും ടോമിന്‍ തച്ചങ്കരി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നതിനെക്കുറിച്ചു സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോട്ടയം വിജിലന്‍സ് കോടതി പരിസരത്തുവച്ചാണ് തച്ചങ്കരിയുടെ സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിനടുത്തു പൊലീസിന്റെ ഔദ്യോഗിക മുദ്രയായ മൂന്നു നക്ഷത്രങ്ങള്‍ തിളങ്ങിക്കണ്ടത്. ബോഡ് കറുത്ത തുണിവച്ചു മറച്ചിരുന്നു.
എന്നാല്‍ കാറില്‍ ത്രീസ്റ്റാര്‍ ബോഡ് വച്ചു താന്‍ യാത്ര ചെയ്തിട്ടില്ലെന്നും ഡ്രൈവര്‍ക്കു പറ്റിയ പിശകായിരിക്കുമതെന്നും മുന്‍ ഡി ജി പി പ്രതികരിച്ചു. എന്നാല്‍ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ പലേടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നു വിവിധ കോണുകളില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്.
അതേസമയം നിയമം നിക്ഷ്പക്ഷമായും ഫലപ്രദമായും നടപ്പാക്കേണ്ട പൊലീസിലെ ഉന്നത സ്ഥാനം വഹിച്ചവര്‍ എന്തേ ഇങ്ങനെയൊക്കെ ആവുന്നതെന്ന് ജനങ്ങള്‍ ആക്ഷങ്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ പോടാ പുല്ലേ, പൊലീസേന്നു മറ്റൊരു മുന്‍ ഡി ജി പിയായ ശ്രീലേഖ പൊലീസ് സ്റ്റേഷനുമുന്നില്‍ നിന്നു മുദ്രാവാക്യം വിളിച്ചതില്‍ എന്തു തെറ്റാണുള്ളതെന്നും അതേസമീപനം പ്രകടിപ്പിച്ച മറ്റൊരു മുന്‍ ഡി ജി പി ടി പി സെന്‍കുമാറിന്റെ പ്രതികരണവും ശരിയല്ലേയെന്നും ആളുകള്‍ ആരായുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page