വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍: തൃശൂരിലെ വെടിമരുന്ന് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണ ചുമതല. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധന സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇതിന് ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കും. ദുരന്തത്തിനിടെ പൊതു ജനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി ആവശ്യമായ തുക നല്‍കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തുടര്‍ തീരുമാനങ്ങള്‍ ദേവസ്വം അംഗങ്ങളും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എത്ര പേര്‍ അപകടത്തില്‍പെട്ടു എന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി 100 മീറ്റര്‍ അകലേക്ക് തെറിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page