കോഴിക്കോട്: വിവാഹ ഹാളിലെ തര്‍ക്കം പൊലീസില്‍ അറിയിച്ചതിന്റെ വൈരാഗ്യമെന്ന് പറയുന്നു, യുവാവിനെ മര്‍ദ്ദിച്ച് പല്ലുകൊഴിച്ചതായി പരാതി. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കല്ലുത്താന്‍കടവ് ഫ്‌ളാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരണ്‍ ശങ്കര്‍ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. ചടങ്ങിനിടെ പ്രതികള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഭാരതി എന്ന യുവാവ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. ഇതിന്റെ വിരോധത്തില്‍ പ്രതികള്‍ യുവാവിനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോവിന്ദപുരം, കാവില്‍ത്താഴം, കല്ലുത്താന്‍ കടവ്, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.







