മുംബൈ: ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കൈ അടിച്ചൊടിച്ച മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂസഫ് ഖാന്‍ (30) എന്നയാള്‍ കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ ഒരു കുഴിയില്‍ വീണ് നടന്നുപോകുകയായിരുന്ന ഷോയിബ് ഖാന്‍ (35) എന്നയാളുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചു. യൂസഫ് ഖാന്‍ കാറില്‍ നിന്നിറങ്ങി ക്ഷമാപണം നടത്തി. എന്നാല്‍ ഷോയിബ് ഖാന്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനാകുകയും മുള വടിയും മറ്റുമെടുത്ത് ആക്രമിക്കുകയും കാറിന്റെ മുന്‍വശം അടിച്ചുതകര്‍ക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം യൂസഫ് ഖാന്‍ വീട്ടിലേക്ക് മടങ്ങി. പിന്നീട് കുടുംബത്തിന്റെ ഉപദേശപ്രകാരം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴിയില്‍ വച്ച് യൂസഫ് പഠാന്റെ ഭാര്യാപിതാവായ ഖാലിദ് ഖാനെ കാണുകയും ചെളിവെള്ളം തെറിപ്പിച്ചതിനെ കുറിച്ച് ചോദിച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഈ സമയം ഖാലിദ് ഖാനൊപ്പം അദ്ദേഹത്തിന്റെ മകനും ഒരു ബന്ധുവും ഉണ്ടായിരുന്നു. മൂന്നുപേരും ചേര്‍ന്ന് യൂസഫ് ഖാനേയും കൂടെയുണ്ടായിരുന്ന ബന്ധുക്കളേയും ആക്രമിച്ചു എന്നാണ് പരാതി. ആക്രമണത്തില്‍ യൂസഫ് ഖാന്റെ സഹോദരീ ഭര്‍ത്താവ് സല്‍മാന്റെ കൈ ഒടിഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, സാക്ഷി മൊഴികള്‍, ആക്രമണത്തിന് ഉപയോഗിച്ച മുളവടികള്‍ എന്നിവയുള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.







