അയല്‍വാസിയുമായുള്ള മാതാവിന്റെ ബന്ധത്തെ എതിര്‍ത്തു; 16 കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം കിണറില്‍ തള്ളിയ കേസ്; മാതാവിനും കാമുകനും ജീവപര്യന്തം

കൊച്ചി: അയല്‍വാസിയുമായുള്ള മാതാവിന്റെ ബന്ധത്തെ എതിര്‍ത്ത 16 കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറില്‍ തള്ളിയ സംഭവത്തില്‍ മാതാവിന്റേയും കാമുകന്റേയും ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മീരയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതിയായ മാതാവ് മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. അനീഷിനെതിരെ ബാലനീതി നിയമ പ്രകാരം ചുമത്തിയ ശിക്ഷ കോടതി ഒഴിവാക്കി.

2019 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, 2024 മേയ് 15നാണ് ഇരുവരെയും തിരുവനന്തപുരം സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചെറുമകളുടെ മരണവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടെ മാതാവ് നല്‍കിയ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.

പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീര കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന രണ്ടാം പ്രതി മഞ്ജുഷ മകളുമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. അവിടെ അയല്‍വാസിയായിരുന്ന അനീഷുമായി മഞ്ജുഷ പ്രണയത്തിലായി. എന്നാല്‍ മീര ഇവരുടെ ബന്ധത്തെ എതിര്‍ത്തു. പിന്നാലെ കമിതാക്കള്‍ ചേര്‍ന്ന് മീരയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായതോടെ ബൈക്കിലിരുത്തി അനീഷിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു.

കൊച്ചുമകളെ കാണാതായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മകള്‍, ‘ഒരാള്‍ക്കൊപ്പം തമിഴ്‌നാട്ടിലേക്ക് പോയെന്നാണ്’ മാതാവായ മഞ്ജുഷ അവരുടെ അമ്മയോട് പറഞ്ഞത്. മകളെ കണ്ടെത്താന്‍ അനീഷിനൊപ്പം താനും തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്നും മഞ്ജുഷ പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാഗര്‍കോവില്‍ പോയ മകളേയും കൊച്ചുമകളേയും കാണാതായതോടെയാണ് മഞ്ജുഷയുടെ മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. നാഗര്‍കോവിലെത്തിയ മഞ്ജുഷയും കാമുകനും അവിടെ ഒരു വാടക വീടെടുത്ത് താമസം തുടങ്ങിയിരുന്നു.

നാഗര്‍കോവിലില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പിടിയിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍, ശാസ്ത്രീയ തെളിവുകളും, മീരയുടെ ശരീരത്തില്‍ നിന്നുള്ള തെളിവുകളുമാണ് തുമ്പുണ്ടാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page