കുടുംബ വഴക്കിനിടെ 7 മക്കളെയടക്കം എട്ടുപേരെ പിതാവ് വെടിവച്ച് കൊന്നു; അക്രമിയെ പൊലീസ് വധിച്ചു

ന്യൂയോര്‍ക്ക്: കുടുംബ വഴക്കിനിടെ പിതാവ് ഏഴുമക്കളെയും ബന്ധുവായ കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി. യുഎസിലെ ലൂസിയാനയിലെ ശ്രീവ് പോര്‍ട്ടിലാണ് നടുക്കുന്ന സംഭവം. മരിച്ച കുട്ടികളെല്ലാം ഒന്നിനും 14നുമിടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഷമര്‍ എല്‍ക്കിന്‍സ് എന്നയാളാണ് കൂട്ടക്കൊല നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.

രണ്ട് വീടുകളിലായാണ് ആക്രമണം നടന്നത്. ആദ്യ വീട്ടില്‍ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലെത്തി അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുട്ടി വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണ് മരിച്ചു. തലയ്ക്ക് വെടിയേറ്റ് രണ്ടു സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെടിവയ്പ്പിന് ശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തി. അക്രമിയെ ഈ ക്രൂര കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായ സംഭവമാണിതെന്നു മേയര്‍ ടോം അഴ്‌സെനോക്‌സ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പ്പുകളില്‍ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page