ബിറ്റ് കോയിന്‍ ഇടപാട്: കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ബെംഗളൂരു/ചെന്നൈ: ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മലയാളിയുമായ എന്‍.എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ബെംഗളൂരുവിലെ ശാന്തിനഗര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമാണ് എന്‍.എ. ഹാരിസ്. എന്‍.എ.ഹാരിസിന്റെ മക്കളായ ഒമര്‍ ഫാറൂഖ്, മുഹമ്മദ് ഹാരിസ് എന്നിവരുടെ വീടുകളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്.

ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എന്‍എ ഹാരിസിന്റെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. 12 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.

അതേസമയം, തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ എത്തുന്ന ദിവസം തന്നെയുള്ള റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വപെരുന്തഗൈ ആരോപിച്ചു.

ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനൊപ്പം പ്രചാരണം നടത്താന്‍ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. റെയ്ഡില്‍ ബിജെപിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുറന്നടിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം അപലപനീയമാണെന്നും തമിഴ്‌നാട് ഉചിതമായ മറുപടി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page